Sunday, January 1, 2012


വർഷനാളം എരിഞൊടുങ്ങുമ്പോൾ 
തിരിച്ചൊഴുക്കാനാവാത്ത നദിപോലെ തിരിച്ചുവരവിന്റെ വാഗ്ധാനങ്ങളില്ലാതെ ഒരു വർഷംകൂടി വിടപറയുന്നു. ആഘോഷത്തിന്റെ രാവിൽ പോയ വർഷത്തിലെ സന്തോഷങ്ങളും, നഷ്ട്ടങ്ങളും, ദുഖങ്ങളും, തമാശകളും പങ്കുവെയ്കുകയാണ് കൂട്ടുകാർ
പുറത്തു ഇരുട്ടു വളരുകയാണ്... മേശയിൽ എരിഞ്ഞു തീരാറായ മെഴുകുതിരിവെട്ടം അവരുടെ നിഴലുകളെ ഭിത്തിയിൽ വലിയ ആള്‍രൂപങ്ങളായി വരച്ചിട്ടിരിക്കുന്നു. ഗ്ലാസ്സുകൾ  ഓരോന്നായ് ഒഴിയുകയും നിറയുകയും ചെയ്യുകയാണ്... "ടാ നിയെന്നാ കിനാവുകാണുകയാണോ? ഒരു ഗ്ലാസ്സുമടിച്ചിട്ടു എന്തെങ്കിലുമൊക്കെ വിളിച്ചുപറയെടാ പഹയാ" നിരതെറ്റിയ വാക്കുകളിൽ സുഹൃത്തിന്റെ ശബ്ദം.

സന്തോഷത്തേക്കാളേറെ ദുഃഖങ്ങൾ , നികത്താനാവാത്ത നഷ്ട്ടങ്ങൾ , പൂർത്തികരിക്കനാവാതെ പോയ ആഗ്രഹങ്ങൾ ... അറിയില്ല ഞാനെന്താണ് പങ്കുവെയ്കുക? ഒടിച്ചുമടക്കിയ എന്റെയകാശത്തിൽ ഏതു നക്ഷത്രപച്ചയാണ് ഞാൻ  നിങ്ങൾക്ക് വരച്ചു നൽകുക? എപ്പോഴുമെന്നതുപോലെ ഒരു കാഴ്ച്ചകാരന്റെ നിസഗതയിലേക്ക് ചുരുങ്ങിപോവുകയാണോ?

മേശവട്ടം വീണ്ടും ശബ്ദനിബിടമാവുകയാണ് പ്രണയന്യരാശ്യം, നഷ്ട്ടപെട്ട പ്രമോഷൻ , വരാൻ പോകുന്ന റിസഷൻ വിഷയങ്ങൾ അങ്ങനെ മാറിമറിഞ്ഞു പോകുന്നു.  കുപ്പികൾ വീണ്ടും കാലിയവുകയാണ്... വാക്കുകൾ അർത്ഥങ്ങൾ നഷ്ട്ടപെട്ട് അവരുടെ നാവുകളിൽനിന്നും കുഴഞ്ഞുവീണുകൊണ്ടിരുന്നു.
മേശയിലെ അവസാനതിരിയും എരിഞ്ഞുതീരുകയാണ് അവസാനതുള്ളിയും വഹിച്ചുകൊണ്ടുള്ള നീല പ്രകാശത്തിൽ  അവ്വ്യകതമായ ചില ഓർമ്മകൾ.... ചിതറികിടക്കുന്ന ഗ്ലാസ്സുകൾക്കും, ഒഴിഞ്ഞ കുപ്പികൾക്കുമിടയിലൂടെ ഓരോരുത്തരായി  ഉറക്കത്തിലാഴ്ന്നു കഴിഞ്ഞിരിക്കുന്നു. ലഹരിയുടെ താഴ്വാരങ്ങളിൽ  പോയ വർഷവും ഓർമ്മകളും അവർ കുഴിച്ചുമൂടിക്കഴിഞ്ഞു.

ദൂരെ നഗരഗോപുരതിന്റെയുച്ചിയിലെ ഘടികാരം ഡിസംബറിൽ നിന്നും ജനുവരിയിലേക്ക് വഴിപിരിയുന്നു അണഞ്ഞുപോയ തിരിയുടെയവസാനത്തെ പുകപടർപ്പിലൂടെ പുതുവർഷം വളരുകയാണ്... നീണ്ട ഒരുവർഷത്തിന്റെ ഓർമ്മകൾ  ആഘോഷിച്ചുതീർത്തു നാളെ ഓരോരുത്തരും പുതുവർഷത്തെ നേരിടുമ്പോൾ   സമാഗമവും വെറുമരോർമ്മയും പിന്നേ മറവിയുമാകും.

ചുട്ടുപൊള്ളുന്ന
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കികൊണ്ട്‌ പൂർത്തിയാകാത്ത ആഗ്രഹങ്ങൾ  മനസ്സിൽ  താലോലിച്ചുകൊണ്ട്‌ പുതുവർഷത്തെ ഞാനും എതിരേൽക്കുകയാണ്...തിരിഞ്ഞുനോക്കാൻ  നേരമില്ലാത്ത തിരക്കിട്ട ജീവിതത്തിലേക്ക് നാളെമുതുൽ  ഞാനും.
പുതുവർഷാശംസകൾ