Thursday, January 27, 2011


ഓരോ തിരിനാളത്തിലും ഹൃദയമിടിപ്പുണ്ടെന്നു,
എന്നോട് ആദ്യമായ് പറഞ്ഞത് നീയാണ്...
വരണ്ടോഴിഞ്ഞ വേനലിൽ ഒരു മരം നിറയെ പൂക്കൾ 
എനിക്ക് സമ്മാനമായ്‌ തന്നതും നീയാണ്‌....
പറയാതെ പ്രണയത്തിന്‍റെ മധിപ്പിക്കുന്ന ഗന്ധം,
എന്നിൽ നിറച്ചതും ഒടുവിൽ വിരഹത്തിന്‍റെ
മടുപ്പിക്കുന്ന മൗനം എന്നിലവശേഷിപ്പിച്ചതും നീയാണ്....
ഇവിടെ, തിരികെ നീ വരില്ലെന്നുറപ്പുള്ളതെങ്കിലും,
നിനക്കായുള്ള കാത്തിരിപ്പിനിടയിലെപ്പോഴോ
ഞാൻ ഒരു വാഗമരമായ് മാറി......
നിന്‍റെ ഓർമ്മകളിലേക്ക് ഏകാന്തതയുടെ വേരുകൾ വളർത്തി
പ്രാണന്‍റെ ഓരോ തുള്ളിയിലും രക്തവർണ്ണപൂക്കളായ്‌ വിടർത്തി
ദുഃഖം കൊണ്ട് സന്തോഷങ്ങൾക്ക്‌ തണലു നല്‍കി
ഇനി വരും വേനലും വർഷവും
നിന്‍റെ ഓർമ്മകളിൽ ഏറ്റുവാങ്ങി... അങ്ങനെ... അങ്ങനെ.....

Thursday, January 20, 2011


ഗുൽമോഹർ... ഓർമ്മയിലെ ചുവപ്പ്‌

കിനാവിന്‍റെ നൂൽപ്പാലവും കടന്നു, മൗനം മുറിപെടുത്തിയ പദങ്ങളാൽ പോയ കാലത്തിലേക്ക് തിരിഞ്ഞൊഴുകുന്ന നദി പോലെ, കണ്ണെത്താ ദൂരത്തെവിടെയോ പൂത്ത ഗുൽമോഹർ പുഷ്പങ്ങളുടെ ചുവപ്പുരാശിയിൽ നിറയും ആത്മാവിന്‍റെ തുടിപ്പുകൾ  തേടിയലയുമ്പോൾ ആർദ്രമായ നിൻ സ്വരം അകലങ്ങളിൽ  നിന്നെന്നോട് മന്ത്രിക്കുന്നു "മറന്നേ പോവുക മനപൂർവ്വം ഇന്നീ കാറ്റും മരങ്ങളും എന്‍റെ ഹൃദയതാളങ്ങളും; നാളേ സന്ധ്യയുടെ വിശാലതയിൽ ഗുൽമോഹറിന്‍റെ ചുവപ്പായി നിനക്കായി ഞാനുണരും."

വാക്കുകൾക്ക് വിലയേറുന്നു...യാത്രക്കിടയിൽ നഷ്ടമയതെന്താണെന്ന് നിന്‍റെ അസാന്നിധ്യം എന്നെ ഓർമ്മിപ്പിക്കുന്നു... നിന്‍റെ കണ്ണുകളിൽ വിരിഞ്ഞിരുന്ന സ്വപ്നങ്ങളിൽ എന്‍റെ പേര് തെളിഞ്ഞിരുന്നുവെന്നു ഇന്ന് ഞാന്‍ മനസിലാക്കുന്നു... നിശബ്ദമായ കാലടികളോടെ നോക്കിനുമപ്പുറത്തേക്ക് എന്തിനായി നീ നടന്നകന്നു?... അടർന്നു വീണ ചെമ്പൂവിതളുകളിൽ ഓർമ്മകളുടെ കയ്യൊപ്പ്, നിന്‍റെ വിരൽത്തുമ്പിന്‍റെ തണുപ്പ്... എന്‍റെ നഷ്ടങ്ങളുടെ വിങ്ങൽ ....
അടർന്ന പൂക്കൾക്കും ആളുന്ന അഗ്നിക്കും ഒരേനിറം; ചുവപ്പ്.... ഓർമ്മകളുടെ നിറം ചുവപ്പണെന്നോ?


ഉച്ചവെയിൽ കനക്കുന്നു... ഉതിർന്നു വീഴുന്ന പൂക്കൾ നീണ്ടവഴികളിൽ വർണ്ണം വിടർത്തുന്നു. പുറത്തു വെയിൽ  പൊങ്ങിപരക്കുമ്പോഴും പക്ഷേ ഉള്ളിലൊരു തോരമഴക്കുള്ള കാർമേഘം ഉരുണ്ടുകൂടുകയാണ്... നാളെറേ കഴിഞ്ഞിരിക്കുന്നു എന്നിൽ നിന്ന് നീ ഒരുപാട് അകന്നിരിക്കുന്നു.... എങ്കിലും നിന്‍റെ വരവിനേയും കാത്തു എന്‍റെ ഗുൽമോഹർ ഇന്നും പൂവിടുന്നു... നീ വരില്ല എന്നറിഞ്ഞിട്ടും..... 


മുൻപേ നടന്ന നിന്‍റെ നിശ്വാസങ്ങളുടെ കാറ്റിൽ  ഇന്നീ ഈ മരത്തണലിൽ  ഞാൻ തനിച്ചാണ്......