Friday, November 22, 2013



                                                               


പേനയിൽ വിരൽ  സ്പർശമേറ്റിട്ടു  ഒരുപാടു നേരമായ് ... വാക്കുകൾ  കിട്ടാതെ മനസ്സ് അസ്വൊസ്തമായി അലയുകയാണ്...എന്റെ ചിന്തകൾക്ക് നീളം കൂടുകയും കിനാവിനു മങ്ങലേറ്റു തുടങ്ങുകയും ചെയ്തിരിക്കുന്നു...

ഹൃദയത്തിനുള്ളിലെവിടെയോ ആർത്തിരമ്പുന്ന കനൽകടലിൻറ്റെ  ശബ്ദം എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. അറിയില്ല എന്താണ്  സംഭവിക്കുന്നത് എന്ന്....ഒരുകാറ്റ് വീശി അടിച്ചിരുന്നെങ്കിൽ ഈ ഉൾചൂടിന് അൽപ്പമെങ്കിലും ആശ്വാസം ആയേനെ. മനസ്സിന്റെ ഭാരം അഴിച്ചു വെക്കാൻ എനിക്കിന്ന് ഒരു കവിതയുടെ തണൽ  ആവശ്യമാണ്... ഇരുണ്ട വഴിയിലൂടെ ഇനി എത്രദൂരം...

ഒരുപക്ഷേ ഇടിനാദത്തോടെയുള്ള അതിശക്തമായ ഒരു പേമാരി എന്റെ ഹൃദയത്തെ തണുപ്പിച്ചേക്കാം, ഇരുട്ടിൽ തങ്ങളാൽ  ആവുംവിധം ലോകത്തിനു പ്രകാശം പരത്തുന്ന ചെറു മിന്നാമിനുങ്ങുകൾ  എനിക്കു വെളിച്ചം പകർന്നേക്കാം... വീണ്ടുമൊരു പ്രഭാതം പൊട്ടിവിടർന്നു എന്ന് ലോകത്തിനോടു വിളിച്ചോതുന്ന ചെറുകിളികളുടെ നാദം എനിക്ക് നഷ്ട്ടപെട്ട ഹൃദയതാളം തിരിച്ചു നല്കിയേക്കാം...ഇരുട്ടിനെ നോക്കി പേടിച്ചും പേടിപ്പിച്ചും എത്രനാളിങ്ങനെ രാവുകൾ തള്ളി നീക്കും? ...

ഞാൻ കാത്തിരുന്ന വസന്തകാലം ഒരുപാടു അകലെയാണെങ്കിലും കണ്ട സ്വപ്നങ്ങളൊക്കെയും വരാൻ  ഇരിക്കുന്നതേ ഉള്ളൂവെങ്കിലും   എനിക്ക് മുൻപിൽ കാലം നീണ്ടുകിടക്കുകയാണ് ... തിരിച്ചറിവിന്റെ കൊള്ളിയാൻ വെളിച്ചങ്ങളിലറിയുന്നു പ്രതിബന്ധങ്ങൾ പ്രകൃതി നിയമമാണ്; വേദനകൾ  അതിന്റെ ഭാഗവും എന്ന്...‍ 

കൊടും ചൂടിൽ തളരാതെ ഇരുളിനെ ഭയക്കാതെ മുൻപോട്ടു പോവുകതന്നെ...പേനയുടെ ഞരമ്പുകളിലെവിടെയോ രക്തയോട്ടം തുടങ്ങിയിരിക്കുന്നു...വിരലുകൾ‍ക്ക് ചെറുചലനം...എഴുതട്ടെ.....

3 comments:

  1. കൊടും ചൂടില്‍ തളരാതെ ഇരുളിനെ ഭയക്കാതെ മുന്‍പോട്ടു പോവുകതന്നെ...പേനയുടെ ഞരമ്പുകളിലെവിടെയോ രക്തയോട്ടം തുടങ്ങിയിരിക്കുന്നു...വിരലുകള്‍ക്ക് ചെറുചലനം...എഴുതട്ടെ.....

    eniyum ezhuthuka....nannayitundu....:)

    ReplyDelete